Thursday 4 September 2014

പ്രാര്‍ത്ഥന




 
ജീവിതത്തിലെ ഏതു സാഹചര്യങ്ങളിലും ദൈവേഷ്ടത്തോട് ചേർന്ന് നിന്ന് പ്രവർത്തിച്ച പരിശുദ്ധ ദൈവമാതാവേ, സ്വർഗ്ഗത്തിൽ എനിക്കാരുള്ളൂ, ഭൂമിയിലും നിന്നെയല്ലാതെ മറ്റൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല എന്ന് ദൈവത്തോട് പറയാൻ തക്കവിധം ദൈവഹിതത്തിന് കീഴ് വഴങ്ങി ജീവിക്കുവാൻ അമ്മ ഞങ്ങളെ സഹായിക്കണമേ. ദൈവേഷ്ടം നിറവേറ്റുന്നതിൽ തടസ്സമായി നില്ക്കുന്ന ഞങ്ങളുടെ എല്ലാ അഹംഭാവങ്ങളെയും അമ്മ തൂത്തെറിയണമേ... അമ്മയോടു ചേർന്നുനിന്ന് ദൈവത്തെ കാണുവാൻ, മറ്റുള്ളവരെ കാണുവാൻ ഞങ്ങളെ പഠിപ്പിക്കണമേ... ഞങ്ങളുടെ ഹിതങ്ങളെയും ദൈവഹിതങ്ങളെയും നെല്ലും പതിരും പോലെ അമ്മ പാറ്റിയെടുക്കണമേ. ഞങ്ങളുടെ ഹിതത്തിന്റെ മേൽ ദൈവഹിതം ആരോപിക്കാൻ ഞങ്ങൾക്കിടയാവാതിരിക്കട്ടെ...  ജീവിതത്തിന്റെ ഏകാന്തദു:ഖങ്ങളിലും പീഡാസഹനങ്ങളുടെ കാൽവരിയിലും ആയിരിക്കുമ്പോഴും ഉയിർപ്പിന്റെ മഹിമയെ ധ്യാനിക്കുവാൻ ഞങ്ങളെ സഹായിക്കണമേ.. സങ്കടങ്ങൾ കൊണ്ട് കണ്ണ് നിറഞ്ഞ് കുരിശിനെ ഞങ്ങൾ കാണാതെ പോകാതിരിക്കട്ടെ... കുരിശിൽ നിന്നാണ് ഉയിർപ്പെന്ന സത്യം ഞങ്ങൾ മനസ്സിലാക്കട്ടെ... കുരിശു കൂടാതെ രക്ഷയില്ലെന്ന തിരിച്ചറിവ് ഞങ്ങളുടെ ജീവിതവഴികളെ പ്രകാശിപ്പിക്കട്ടെ... അമ്മയോടും തിരുസുതനോടുമൊപ്പം ഉയിർപ്പിന്റെ മഹത്വത്തിലേക്ക് പ്രവേശിക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഞങ്ങളെ കെട്ടിവരിഞ്ഞിരിക്കുന്ന എല്ലാവിധ ചുറ്റുപാടുകളെയും അറുത്തുമാറ്റി പരമമായ ഉയിർപ്പിലേക്ക് ഞങ്ങളെ കൂട്ടിക്കൊണ്ടുപോയാലും.      ആമേൻ