''ക്രിസ്തുവിനെക്കുറിച്ച്
പറയാൻ നിങ്ങൾ മടിക്കരുത്. സാധിക്കുന്ന വിധത്തിലൊക്കെ അതു ചെയ്യണം.'' ഈ
ആഹ്വാനത്തോടെയായിരുന്നു വൈദികൻ ഞായറാഴ്ച പ്രസംഗം അവസാനിപ്പിച്ചത്.
ദേവാലയത്തിൽനിന്നും വീട്ടിലേക്കു പോകുമ്പോൾ ആ പത്തു വയസുകാരന്റെ മനസിൽ താൻ
ആരോട് ക്രിസ്തുവിനെപ്പറ്റി പറയുമെന്ന ചിന്തയായിരുന്നു. അവന്റെ
വീട്ടിലേക്കുള്ള വഴിയരികിലായിരുന്നു ആ വൃദ്ധയുടെ ഭവനം. അവർ റോഡിലേക്ക്
നോക്കി വീടിന്റെ വരാന്തയിൽ ഇരിക്കുന്നത് അവൻ കാണാറുണ്ടായിരുന്നു. അവിടെ
എത്തിയപ്പോൾ, അവരോട് യേശുവിനെപ്പറ്റി പറഞ്ഞാലോ എന്നൊരു ചിന്ത ഉണ്ടായി.
കോളിംഗ് ബെല്ലമർത്തിയെങ്കിലും അകത്തുനിന്നും പ്രതികരണം ഉണ്ടാകാത്തതിനാൽ ഒരു
പ്രാവശ്യംകൂടി അങ്ങനെ ചെയ്തു. അല്പ സമയം കഴിഞ്ഞിട്ടും കതക് തുറന്നില്ല.
അവൻ കതകിൽ തട്ടി. ആരാണ് എന്നു ചോദിച്ചുകൊണ്ട് ദേഷ്യത്തോടെയാണ് അവർ വാതിൽ
തുറന്നത്.
''ഈശോ ആന്റിയെ സ്‌നേഹിക്കുന്നു.'' എന്നു പറഞ്ഞിട്ട് അവൻ തിരിച്ചുനടന്നു.
പിറ്റേ ഞായറാഴ്ച പ്രസംഗത്തിനുശേഷം വൈദികൻ ചോദിച്ചു, ''ഞാൻ കഴിഞ്ഞ ഞായറാഴ്ച യേശുവിനെപ്പറ്റി
പറയണമെന്ന് പറഞ്ഞിട്ട് ആരെങ്കിലും അങ്ങനെ ചെയ്‌തോ? അതുമായി ബന്ധപ്പെട്ട
എന്തെങ്കിലും അനുഭവങ്ങൾ ആർക്കെങ്കിലും പറയാനുണ്ടോ?'' ആരും
പ്രതികരിക്കുന്നില്ലെന്നു കണ്ടപ്പോൾ പിറകിലിരുന്ന വൃദ്ധ എഴുന്നേറ്റു.
''ഞാൻ ഒറ്റയ്ക്ക് താമസിക്കുന്ന വിധവയാണ്. അന്വേഷിച്ചു വരാൻ എനിക്ക്
ആരുമില്ല. ആഴ്ചകളായി കടുത്ത ഏകാന്തതയിലൂടെ കടന്നുപോകുകയായിരുന്നു. ഇനി
എന്തിനാണ് ജീവിക്കുന്നതെന്ന ചിന്ത വല്ലാതെ വീർപ്പുമുട്ടിച്ചു. ഞാൻ ആത്മഹത്യ
ചെയ്യാൻ തീരുമാനിച്ചു. എല്ലാം തയാറാക്കി കഴിഞ്ഞപ്പോഴാണ് കോളിംഗ്‌ബെൽ
മുഴങ്ങിയത്. രണ്ടു പ്രാവശ്യം ബെല്ലടിച്ചിട്ടും ഞാൻ കതകു തുറന്നില്ല.
ആളില്ലെന്നു വിചാരിച്ച് പുറത്തുള്ളവർ പോകുമെന്നാണ് കരുതിയത്. എന്നാൽ, കതകിൽ
തട്ടിയതിനാൽ തുറക്കേണ്ടതായി വന്നു. അപ്പോഴാണ് ഒരു കുട്ടി പറഞ്ഞത്, ഈശോ
ആന്റിയെ സ്‌നേഹിക്കുന്നു എന്ന്. ആ വാക്കുകൾ എന്നെ വല്ലാ തെ സ്വാധീനിച്ചു.
എന്നെ സ്‌നേഹിക്കുന്ന ഒരു ദൈവമുണ്ടല്ലോ എന്ന തിരിച്ചറിവ് വലിയ ആശ്വാ സം
നല്കി. അതോർക്കാതെ ആത്മഹത്യ ചെയ്യാൻ ഒരുങ്ങിയതിനെ ഓർത്ത് ദൈവത്തോട്
മാപ്പുചോദിച്ചു. അവൻ വാതിലിൽ തട്ടാൻ ഒരു മിനിറ്റ് വൈകിയിരുന്നെങ്കിൽ
ഞാനിപ്പോൾ ഇതു പറയാൻ ഉണ്ടാകുമായിരുന്നില്ല.''
യേശുവിനെപ്പറ്റി പറയാൻ മടിക്കരുത്. അതിന് ചിലപ്പോൾ ജീവന്റെ വിലയുണ്ടാകും.
''സുവിശേഷത്തെപ്പറ്റി ഞാൻ ലജ്ജിക്കുന്നില്ല. എന്തെന്നാൽ, വിശ്വസിക്കുന്ന
ഏവർക്കും, ആദ്യം യഹൂദർക്കും പിന്നീട് ഗ്രീക്കുകാർക്കും, അതു രക്ഷയിലേക്കു
നയിക്കുന്ന ദൈവശക്തിയാണ്''(റോമാ 1:16).