മാലാഖയോട് ചേർന്ന് അമ്മേ മാതാവേ
ഞങ്ങളും അമ്മയെ വിളിക്കുന്നു,
ദൈവകൃപ നിറഞ്ഞവളേ
എന്ന്. എല്ലാറ്റിന്റെയും
അടിസ്ഥാനം ദൈവകൃപയാണെന്ന
ബോധ്യം അഹങ്കാരികളായ ഞങ്ങൾക്ക്
അമ്മ നല്കിയാലും. എല്ലാമുണ്ടെങ്കിലും
ദൈവകൃപയില്ലെങ്കിൽ ഒന്നും ഇല്ലാതാകും
എന്ന ജ്ഞാനംകൊണ്ട് ഞങ്ങളുടെ
ബുദ്ധിയെ പ്രകാശിപ്പിച്ചാലും.
ദൈവകൃപയുടെ അനന്തതയിലേക്ക്
അമ്മയുടെ കൈപിടിച്ച് ഞങ്ങൾ
നടക്കട്ടെ. ദൈവം നല്കിയ
ദാനങ്ങളോർത്ത് നന്ദി പറഞ്ഞുകൊണ്ട്
പുതിയൊരു വർഷത്തിലേക്ക്
പ്രവേശിക്കുമ്പോൾ ലഭിച്ചതും
ലഭിച്ചുകൊണ്ടിരിക്കുന്നതും ഇനി
ലഭിക്കാനുള്ളതും എല്ലാം
ദൈവസ്‌നേഹത്തിന്റെ
അടയാളങ്ങളാണെന്ന തിരിച്ചറിവ്
ഞങ്ങൾക്കുണ്ടാകുമാറാകട്ടെ...
ഞങ്ങളുടെ പ്രാർത്ഥനയിലോ
വ്രതാനുഷ്ഠാനങ്ങളിലോ
ജീവിതവിശുദ്ധിയിലോ അഭിരമിക്കാതെ
എല്ലാ ജീവിതാവസ്ഥയിലും
അമ്മയെപ്പോലെ ഇതാ കർത്താവിന്റെ
ദാസൻ/ദാസി എന്ന് പറയുവാൻ അമ്മ
ഞങ്ങളെ പഠിപ്പിക്കണമേ..
|