പുതുവര്‍ഷത്തെ പാതിരാ കുര്‍ബാനയുടെ അവസാനമാണ് അന്നയെ ഞാന്‍ ആദ്യം കണ്ടത്. ആശംസകളില്‍നിന്നും ആലിംഗനങ്ങളില്‍ നിന്നും ഒഴിഞ്ഞ് അവള്‍ അവസാനത്തെ ബഞ്ചില്‍ ഇരിക്കുന്നുണ്ടായിരുന്നു. പള്ളി പിരിഞ്ഞ് എല്ലാവരും പോയി പള്ളി വാതില്‍ പൂട്ടാന്‍ ഒരുങ്ങുമ്പോഴും അവള്‍ അവിടെത്തന്നെ ഇരിക്കുകയായിരുന്നു. എങ്ങനെയെങ്കിലും അവളോട് പോവാന്‍ പറഞ്ഞ് അവളെ ഒഴിവാക്കണം എന്നു കരുതി അവളുടെ അടുക്കലേയ്ക്ക് നടക്കുമ്പോഴേക്കും അവള്‍ തിരിഞ്ഞുനോക്കി പറഞ്ഞു. ”അച്ചോ, എനിക്കൊന്നു കുമ്പസാരിക്കണം.”
ഉറക്കച്ചടവുണ്ട്. പറ്റില്ല. പോയിട്ടു പിന്നെ വരൂഎന്ന് മുഖത്തടിച്ച് പറഞ്ഞാല്‍ മതിയാരുന്നു. രാവിലത്തെ കുര്‍ബാനയ്ക്ക് ഒരുങ്ങണമെന്ന് പറയാമായിരുന്നു. പക്ഷെ ഇന്നോര്‍ക്കുമ്പോള്‍ ഞാന്‍ സമ്മതിച്ചത് അവളുടെ കണ്ണുകള്‍ കണ്ടിട്ടാണ്. നിറഞ്ഞൊഴുകിയിട്ടും കനലെരിയുന്ന അവളുടെ കണ്ണുകള്‍.
ആ പുതുവര്‍ഷരാത്രി ആദ്യമായി ഞാന്‍ അന്നയുടെ കുമ്പസാരകര്‍മിയായി. പുറത്ത് മഞ്ഞുപൂക്കള്‍ പെയ്തുകൊണ്ടേയിരുന്നു. അന്ന പറഞ്ഞുകൊണ്ടേയിരുന്നു. നേരും, പൊയ്യും, നന്മയും, തിന്മയും, പാപവും, പശ്ചാത്താപവും. അന്നയുടെ ദിനരാത്രങ്ങള്‍… ഇനി ആരോടും ഒരിക്കലും പറയാന്‍ പറ്റില്ലായെന്ന പേടിയുള്ളപോലെ… അവള്‍ പറഞ്ഞുകൊണ്ടേയിരുന്നു.
”ഞാന്‍ പോവാണ് അച്ചോ… ഇനി അച്ചന്‍ ഉറങ്ങിക്കോളു. ഹാപ്പി ന്യൂ ഇയര്‍.” മഞ്ഞുപൂക്കളുടെയിടലേക്ക് അവള്‍ നടന്നു മറഞ്ഞു.
പിന്നെയും അന്ന കുമ്പസാരിക്കാന്‍ വന്നു കൊണ്ടേയിരുന്നു. എന്തൊക്കെ മാറി മറിഞ്ഞാലും സ്ഥിരമായി ശനിയാഴ്ചകളില്‍ ഒരു കാര്യം മാത്രം നടക്കും – അന്നയുടെ കുമ്പസാരം. പാപങ്ങളുടെ കണക്കു പുസ്തകത്തില്‍ അന്ന തന്റെ കയ്യൊപ്പ് എഴുതി ചേര്‍ത്തുകൊണ്ടേയിരുന്നു. ഒരു വൈദികന്‍ കുമ്പസാര രഹസ്യം പുറത്തു പറയാന്‍ പാടില്ല. പക്ഷെ, അവളുടെ കുമ്പസാരം കേട്ട് ഞാന്‍ പോലും അതിശയിക്കാന്‍ തുടങ്ങി. ഇത്രയൊക്കെ ഇവള്‍ക്ക് ചെയ്യാന്‍ പറ്റുമോയെന്നോര്‍ക്കാന്‍ തക്കവിധം. എല്ലാം പറഞ്ഞുകഴിഞ്ഞ് അന്ന പറയും
”ഞാനൊരു പാവമാണച്ചോ. പരിഹാരമായി ഞാന്‍ 10 നന്മ നിറഞ്ഞ മറിയം ചൊല്ലിക്കോളാം.”
പാപവും പരിഹാരവും അന്ന നിശ്വയിക്കും. വേറെ ആള്‍ക്കും അനുവദിക്കാത്ത ആ സൗകര്യം ഞാനവള്‍ക്കുമാത്രം ചെയ്തുകൊടുത്തും. എന്തോ.. അറിയില്ല.
എല്ലാ അനിശ്വിതത്വത്തിനിടയിലും വെളിച്ചം അന്നയുടെ കുമ്പസാരമായിരുന്നു. കര്‍ത്താവ് എന്നെ ഒരു വൈദികനാക്കിയത്‌പോലും അന്നയെ കുമ്പസാരിപ്പിക്കാന്‍ വേണ്ടിയാണെന്ന് വരെ എനിക്ക് തോന്നിയുട്ടുണ്ട്. പക്ഷെ, ഈ ശനിയാഴ്ച അന്ന വന്നില്ല.
അവള്‍ക്കെന്തെങ്കിലും അപകടം സംഭവിച്ചോ എന്നുവരെ ഓര്‍ത്തുപോയി. ഞായറാഴ്ച കുര്‍ബാന കഴിഞ്ഞ് ആള്‍ക്കൂട്ടത്തിനിടയില്‍ അവളെ തിരയുമ്പോഴും ഓര്‍ത്തു ആരോടെങ്കിലും ഒന്നന്വോഷിക്കാന്‍ പോലും പറ്റില്ലല്ലോ. അവളുടെ കുടുംബം… വീട്ടുകാര്‍… മക്കള്‍… ഇവരെയാരെയും ഞാന്‍ കണ്ടിട്ടില്ല. എല്ലാവരേയും കുറിച്ച് വാതോരാതെ സംസാരിക്കുന്ന അന്ന… അവളുടെ കുടുംബത്തെ ഒരിക്കല്‍പോലും ഞാന്‍ കണ്ടിട്ടില്ലല്ലോ… ഒരു തവണപോലും ഞാനത് ചോദിച്ചിട്ടുമില്ല. അല്ലെങ്കിലും എനിയ്‌ക്കെന്തെങ്കിലും ചോദിക്കാനോ പറയാനോ ഉള്ള സാവകാശം അന്ന ഇതേ വരെ തന്നിട്ടില്ല.
ഞായറാഴ്ച വൈകുന്നേരത്തെ കുര്‍ബാന കഴിഞ്ഞ് മേടയിലേക്ക് തിരിച്ചു പോവാനൊരുങ്ങുമ്പോള്‍ അതാ അവള്‍-അന്ന വാതില്‍ക്കല്‍ ചിരിച്ചുകൊണ്ടുനില്‍ക്കുന്നു. അവളെ ആദ്യം കണ്ടതില്‍നിന്നും ഒരു വ്യത്യാസമാണിപ്പോള്‍ കണ്ണുകളില്‍ കനലിപ്പോഴും എരിയുന്നു. പക്ഷെ, എന്തോ ഒരു ധൈര്യം അവള്‍ക്കുവന്നതുപോലെ. നിറകണ്ണുകളോടെ പുതുവര്‍ഷരാത്രിയില്‍ ഒരു മൂലയില്‍ ഒതുങ്ങിയ അന്നയല്ല ഇത്. രൂപത്തില്‍ മാത്രമേ സാദൃശ്യമുള്ളു. ഇത് വേറെ ഏതോ ഒരു ജന്‍മമാണ്. ഞാന്‍ കുമ്പസാരക്കൂട്ടിലേക്ക് നടക്കാന്‍ തുടങ്ങിയപ്പോള്‍ അവള്‍ പറഞ്ഞു.
”അച്ചോ, ഇന്ന് എനിക്ക് കുമ്പസാരിക്കണ്ട അച്ചനോടൊന്ന് വെറുതെ സംസാരിച്ചാല്‍ മതി.” പള്ളി പൂട്ടി മേടയിലേക്ക് അവളെയും കൂട്ടി നടക്കുമ്പോള്‍ ഒരായിരം ചോദ്യങ്ങള്‍ മനസ്സിലുയര്‍ന്നുവന്നു.
”അച്ചന്റെ മേട കൊള്ളാമല്ലോ? എനിക്കൊരു കപ്പ് കപ്പി തരാമോ?”
കാപ്പി കുടിക്കുന്നതിനിടയില്‍ അന്ന ബാഗിനിടയില്‍ എന്തോ പരതുന്നുണ്ടായിരുന്നു. വാചാലമായ നിശബ്ദത ഭംഗിച്ച് ഞാന്‍ ചോദിച്ചു. ”എന്താണ് അന്നയ്ക്ക് സംസാരിക്കാനുണ്ട് എന്ന് പറഞ്ഞത്?”
അവള്‍ ചിരിച്ചു. ”ഞാനിവിടെ നിന്ന് പോവുകയാണച്ചോ. ഇതച്ചന് തരാന്‍ വേണ്ടിയാണ് വന്നത്.”
അവളൊരു സമ്മാനപ്പൊതിയും കത്തും വച്ചു നീട്ടി.
”അച്ചന്‍ വായിച്ചോളൂ. എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം.”
കത്ത് ഞാന്‍ പതുക്കെ തുറന്നു. വടിവൊത്ത അക്ഷരത്തില്‍ എന്ന എഴുതിയിരിക്കുന്നു.
പ്രിയപ്പെട്ട ഫാദര്‍,
Thank you for everything. എന്റെ വക ഇതാ ഒരു ചെറിയ സമ്മാനം. നാട്ടില്‍നിന്നും അമേരിക്കയില്‍ ഉപരിപഠനത്തിനുവന്ന ഒരു പാവം വിദ്യാര്‍ത്ഥിനിയാണ്
ഞാന്‍. ഒരു ക്ലാസ് അസൈന്‍മെന്റിന്റെ ഭാഗമായി ഒരു Social experiment എന്ന
നിലയിലാണ് ഞാന്‍ ആദ്യമായി കുമ്പസാരിക്കാന്‍ വന്നത്. ഞാന്‍ കുമ്പസാരിക്കുമ്പോള്‍ പറഞ്ഞപോലെ എനിക്കിവിടെ കുടുംബമോ കുട്ടികളോ ഒന്നും ഇല്ല, എല്ലാം എന്റെ ഭാവനയില്‍ വിരിഞ്ഞ കഥകള്‍ മാത്രം. അതൊന്നും പറഞ്ഞില്ലെങ്കില്‍ കുമ്പസാരിക്കാന്‍ പറ്റിയില്ലെങ്കിലോ എന്നോര്‍ത്ത് പറഞ്ഞുപോയതാണ്. വീടും വീട്ടുകാരെയും വിട്ട് ഇവിടെ പഠിക്കാന്‍വേണ്ടി വന്ന എനിക്ക് ഈ പ്രവാസി ജീവിതം അത്ഭുതവും ഭയവുമാണുണ്ടാക്കിയത്. ക്ലാസ്സുകളില്‍ മാത്രം പോയി ഏകാകിയായി വല്ലാതെ മനസ്സുമടുത്ത് എങ്ങനെയെങ്കിലും ഇവിടെ നിന്നും രക്ഷപെട്ടാല്‍ മതി എന്നായിരുന്നു. എല്ലാം ഇട്ടെറിഞ്ഞ് നാട്ടിലേക്ക് പോവണം എന്ന് തീരുമാനിച്ചാണ് ഞാന്‍ പുതുവര്‍ഷ കുര്‍ബാനയ്ക്ക് വന്നത്. അന്നത്തെ കുമ്പസാരം കാരണം എല്ലാം മാറിമറിഞ്ഞു. ഇവിടെ വന്ന് കുമ്പസാരിക്കുമ്പോള്‍ എന്തു സമാധാനമാണെന്നോ. എല്ലാ ഭാരങ്ങളും അലിഞ്ഞുപോവുന്നതുപോലെ. ഞാന്‍ പറയുന്നത് എല്ലാം കേള്‍ക്കാനും ആരെങ്കിലും ഉണ്ടായല്ലോയെന്ന ചിന്തയാണ് എന്നെയിവിടെ പിടിച്ചുനിര്‍ത്തിയത്. എന്റെ കോഴ്‌സ് തീര്‍ന്നു. ഞാന്‍ നാട്ടിലേക്ക് തിരിച്ചുപോവുകയാണ്. ഈ കുമ്പസാരങ്ങളാണ് എന്നെ രക്ഷിച്ചത്.
അച്ചന്‍ എന്നോട് ക്ഷമിക്കണം. ഞാന്‍ 10 നന്മ നിറഞ്ഞ മറിയമേ ചൊല്ലിക്കോളാം.”
അതായിരുന്നു അന്നയുടെ അവസാനത്തെ കുമ്പസാരം.
സ്‌നേഹപൂര്‍വ്വം അന്ന
പുറത്ത് അപ്പോഴും മഞ്ഞ് പെയ്യുന്നുണ്ടായിരുന്നു. അന്ന മഞ്ഞുപൂക്കള്‍ക്കിടയില്‍ എവിടെയോ നടന്നലിഞ്ഞു.