ബെത്‌ലഹേം നഗരം മുഴുവൻ ആഹ്ലാദത്തിലായിരുന്നു ആ ദിവസങ്ങളിൽ... അഗസ്റ്റസ് സീസറിന്റെ കല്പന പ്രകാരം സെൻസസ് പട്ടികയിൽ പേരെഴുതിക്കാൻ നാനാദിക്കുകളിൽ നിന്നും എത്തിച്ചേർന്നവർ... സത്രങ്ങളിലെല്ലാം മേൽത്തരം വീഞ്ഞുകുപ്പികൾ തുറക്കപ്പെട്ടു. പാട്ടും നൃത്തവും നഗരവീഥികളെ ഉണർത്തി. കച്ചവടക്കാർക്കെല്ലാം നല്ല കൊയ്ത്തുകാലം...ഇതിനിടയിൽ നഗരത്തിനു പുറത്തൊരു സം ഭവം നടന്നു. പേരെഴുതിക്കാൻ എത്തിച്ചേർന്ന രണ്ട് ദരിദ്ര ദമ്പതികൾ അന്തിയുറങ്ങിയത് പശുത്തൊഴുത്തിലായിരുന്നു. ഗർഭിണിയായിരുന്ന ഭാര്യ രാത്രിയിൽ പ്രസവിച്ചു, ഒരു ആൺകുഞ്ഞിനെ.
മനുഷ്യവംശത്തെ രക്ഷിക്കുവാൻ മനുഷ്യനായിത്തീർന്ന ദൈവമായിരുന്നു ആ കുഞ്ഞ്. പക്ഷേ, തളർന്നുറങ്ങിയ പട്ടണം അതറിഞ്ഞില്ല. പിന്നീടുള്ള ദിവസങ്ങളിലും മനുഷ്യചരിത്രത്തിലെ ആ മഹാസംഭവം ബെത്‌ലഹേം നിവാസികൾ തിരിച്ചറിയാതെപോയി. കാരണം, മിശിഹായെക്കുറിച്ച് സ്വർഗം നല്കിയ അടയാളം വിചിത്രമായിരുന്നു. ലൂക്കാ 2:12 ൽ മാലാഖമാർ ആട്ടിടയന്മാരോടു പറയുന്നതിങ്ങനെയാണ്:
''ഇതായിരിക്കും നിങ്ങൾക്ക് അടയാളം: പിള്ളക്കച്ചകൊണ്ടു പൊതിഞ്ഞ്, പുൽത്തൊട്ടിയിൽ കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും.''
ദേശാധിപതിയുടെ കൊട്ടാരത്തിലെ സ്വർ ണത്തൊട്ടിലിൽ, പരിചാരകവൃന്ദങ്ങളുടെ നടുവിലായി കൈകാലിട്ടടിക്കുന്ന കുഞ്ഞായിരുന്നുവെങ്കിൽ വിശ്വസിക്കുവാൻ എളുപ്പമായിരുന്നു.എന്നാൽ, ഇതാ സർവശക്തനായ ദൈവം നിസഹായനായ ശിശുവായി പുൽത്തൊട്ടിയിൽ! ചുറ്റും കന്നുകാലികൾ... ചാണകത്തിന്റെ മണം. സിനിമയിലെയും ടി.വി സീരിയലുകളിലെയും ദൈവങ്ങൾ സുന്ദരരും ശക്തരും ആണ്. ഗ്രീക്കു പുരാണങ്ങളിലെയും റോമൻ പുരാണങ്ങളിലെ യും ഭാരതീയ പുരാണങ്ങളിലെയും ദൈവങ്ങൾക്ക് പട്ടുവസ്ത്രങ്ങളും സ്വർണ കിരീടങ്ങളും ആയുധങ്ങളുമുണ്ട്. പക്ഷേ, ചരിത്രത്തിലെ ദൈ വത്തിന് കീറത്തുണികളും വൈക്കോലും മാത്രം.
അവനെന്നും ഇടർച്ചയുടെ അടയാളമായിരുന്നു. രത്‌ന കിരീടത്തിനു പകരം മുൾക്കിരീടം. ചെങ്കോലിനു പകരം മരക്കുരിശ്. അതിനാൽ അവനെന്നും തിരിച്ചറിയപ്പെടാതെ പോകുന്നു. മറിയത്തിന്റെ ഉദരത്തിൽ മിശിഹാ ആണെന്നറിഞ്ഞിരുന്നെങ്കിൽ, സത്രം ഉടമസ്ഥൻ തീർച്ചയായും തിരുക്കുടുംബത്തിനായി വാതിൽ തുറക്കുമായിരുന്നു. പക്ഷേ, അവനതു തിരിച്ചറിഞ്ഞില്ല. എങ്കിലും ആട്ടിടയന്മാരും ജ്ഞാനികളും അവനെ തിരിച്ചറിഞ്ഞു. എല്ലാ കുഞ്ഞുങ്ങളെക്കാളും പരിതാപകരമായ അവസ്ഥയിൽ പിറന്ന ഉണ്ണിയേശുവിൽ ദൈവത്തെ കാണാൻ, അവന്റെ മുൻപിൽ കുമ്പിടാൻ അവർ പ്രകടിപ്പിച്ച വിശ്വാസം ഈ ക്രിസ്മസ് വേളയിൽ നമുക്കും കിട്ടിയിരുന്നെങ്കിൽ... ക്രിസ്മസ് ആഘോഷത്തിന്റെ ബഹളത്തിൽ സ്വന്തം കുഞ്ഞുങ്ങളിൽപ്പോലും ഉണ്ണിയേശുവിനെ കണ്ട് പരിചരിക്കാൻ മടിക്കുന്നവർ. വാർധക്യത്തിന്റെ അവശതയിൽ കട്ടിലിൽ കിടക്കുന്ന 'ദൈവങ്ങളെയും' അടുക്കളയിലും വീടിന്റെയും നാടിന്റെയും പിന്നാമ്പുറങ്ങളിലും നിസഹായതയിൽ വസിക്കുന്ന 'രക്ഷകരെയും' വിസ്മൃതിയിൽ ഉപേക്ഷിക്കാൻ നമുക്ക് മടിയില്ല.
രക്ഷകനെ കാണാൻ ഹൃദയവിശുദ്ധി വേ ണം. കാരണം, യേശു പറഞ്ഞു: ''ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ; അവർ ദൈവത്തെ കാ ണും'' (മത്തായി 5:8). ഈ ക്രിസ്മസിനെങ്കിലും ദൈവത്തെ കാണാൻ തക്കവിധം ഹൃദയങ്ങളെ നമുക്ക് പവിത്രമാക്കാം.
പ്രാർത്ഥനദൈവമേ, ആട്ടിടയന്മാരുടെ ഹൃദയവിശുദ്ധിയും ജ്ഞാനികളുടെ വിശ്വാസവും ഈ ക്രിസ്മസ് നാളുകളിൽ ഞങ്ങളിലുണ്ടാകട്ടെ. അങ്ങ് ഞങ്ങളുടെ ഹൃദയങ്ങളിലും കുടുംബങ്ങളിലും വീണ്ടും പിറക്കണമേ. സകല ജനത്തിനുംവേണ്ടിയുള്ള സന്തോഷത്തിന്റെ സദ്വാർത്തയായ ക്രിസ്തുവിനെ ലോകത്തിന് നല്കാൻ ഞങ്ങളുടെ ക്രിസ്മസ് ആഘോഷങ്ങൾ സഹായകമായിത്തീരട്ടെ, ആമ്മേൻ.
|
|
|
|
|
|
|
|
|