ഈശോയുടെയും ഈ ലോകത്തിലെ എല്ലാ മാനവരുടെയും അമ്മയായ പരിശുദ്ധ മറിയമേ, ജീവിതത്തിലെ എല്ലാ ആവശ്യങ്ങളിലും ഞങ്ങൾ അമ്മയെ ഓർമ്മിക്കുന്നു.. അമ്മയെ വിളിക്കുന്നു. കാരണം ഏതാവശ്യം വന്നാലും ഏതു ദു:ഖം വന്നാലും എല്ലാ മനുഷ്യരുടെയും നാവിൻത്തുമ്പിൽ ആദ്യം ഓടിയെത്തുന്ന നാമമാണല്ലോ അമ്മ. അമ്മേയെന്നുള്ള ആ വിളിയിൽ സങ്കടങ്ങൾ അലിഞ്ഞില്ലാതാകുന്ന അനുഭവങ്ങൾ എത്രയോ വട്ടം അനുഭവിച്ചിട്ടുള്ളവരാണ് ഞങ്ങൾ. നെഞ്ചുതകർന്നും തൊണ്ട ഇടറിയുമുള്ള ആ വിളികൾക്കുത്തരമായി അമ്മ ഓടിവന്നിട്ടുള്ളതും മാതൃസഹജമായ സ്‌നേഹത്തോടെ ആശ്വസിപ്പിച്ചതും ഞങ്ങൾ ഓർമിക്കുന്നു. അമ്മയുടെ ആ സ്‌നേഹത്തിന് മുമ്പിൽ പാപികളായ ഞങ്ങൾ നന്ദി അർപ്പിക്കുന്നു. അമ്മേ, ഇനിയും ഞങ്ങളുടെ സങ്കടങ്ങൾക്ക് കാതുകൊടുക്കണേ.. വിളിക്കുമ്പോഴെല്ലാം അേമ്മ, ഓടിയെത്തണമേ...
പരിശുദ്ധ അമ്മേ, പലപ്പോഴും അമ്മയുടെ കൈ വിടുവിച്ച് ഇഷ്ടമുള്ള ഇടങ്ങളിലേക്കും വ്യക്തികളിലേക്കും ഓടിപ്പോയിട്ടുള്ളവരാണ് ഞങ്ങൾ. അമ്മ ഒപ്പമില്ലാത്തതും അമ്മയെ ഉപേക്ഷിച്ചതുമായ അത്തരം യാത്രകൾ അപകടത്തിലേക്കാണ് കൊണ്ടുചെന്നെത്തിച്ചതെന്ന് വളരെ വൈകി മാത്രമാണ് ഞങ്ങൾ തിരിച്ചറിഞ്ഞത്. അപ്പോഴൊക്കെ ഞങ്ങളെയോർത്ത് അമ്മ കരയുകയായിരുന്നുവെന്നും മനസ്സിലാക്കുവാൻ ഞങ്ങൾ വൈകി. എന്നാൽ പിന്നീട് അമ്മയിലേക്ക് തിരികെ വന്നപ്പോൾ കുറ്റപ്പെടുത്തലോ ശാസനയോ ഇല്ലാതെ ഒരു പരാതി പോലും പറയാതെ അമ്മ മാറോട് ചേർത്തണച്ചതും ഞങ്ങളുടെ ഓർമ്മയിലുണ്ട്. തുടർന്നുള്ള ജീവിതത്തിലും അമ്മ ഞങ്ങളെ കൈപിടിച്ച് നടത്തണേ. ജീവിതത്തിന്റെ നേർവഴികൾ അമ്മ കാണിച്ചുതരണമേ...ജീവിതത്തിലെ നല്ലപാഠങ്ങൾ അമ്മയല്ലാതെ മറ്റാരാണ് ഞങ്ങൾക്ക് പറഞ്ഞുതരിക
ആമ്മേൻ