Wednesday, 29 October 2014

എന്‍റെ അമ്മ !!!





                
സൗന്ദര്യവതിയായ എന്‍റെ അമ്മ  

എന്‍റെ അമ്മ സൗന്ദര്യത്തിന്‍റെ നിറകുടമാണ് .സൂര്യനെ ഉടയടയാക്കിയവള്‍, പാദങ്ങള്‍ക്കടിയില്‍ ചന്ദ്രന്‍, തലയില്‍ പന്ത്രണ്ട് നക്ഷത്രങ്ങള്‍ കൊണ്ടുള്ള കിരീടം. അപ്പോള്‍ എന്‍റെ അമ്മയുടെ മുഖം ഇ സൂര്യനെയും ചന്ദ്രനേയും, നക്ഷത്രങ്ങളെയുംക്കാള്‍ എത്രയോ മടങ്ങ്‌ ശോഭ ഉള്ളത് ആയിരിക്കും അല്ലേ?

  വിശുദ്ധിയുള്ള എന്‍റെ അമ്മ 

എന്‍റെ അമ്മ വിശുദ്ധി കാത്തു സൂക്ഷിച്ചവള്‍ ആണ് . അവള്‍ തന്‍റെ നിര്‍മ്മലതയാല്‍ എല്ലാറ്റിലും വ്യാപിക്കുന്നു, ചൂഴ്ന്നിറങ്ങുന്നു. അവള്‍ ദൈവ ശക്തിയുടെ ശ്വാസവും സര്‍വ്വശക്തന്‍റെ മഹത്വത്തിന്‍റെ ശുദ്ധമായ നിസ്സരണവുമാണ്. മലിനമായ ഒന്നിനും അവളില്‍ പ്രവേശനമില്ല എന്ന് വചനത്തില്‍ കാണാം.
   എളിമയുള്ള എന്‍റെ അമ്മ  

എളിമ അത് അവളുടെ ഒരു ആഭരണം ആണ്. “ഇതാ കര്‍ത്താവിന്‍റെ ദാസി നിന്‍റെ വാക്ക് എന്നില്‍ നിറവേറട്ടെ”. ദൈവ തിരുഹിതത്തിനു മുന്നില്‍ തന്നെ തന്നെ വിട്ടു കൊടുത്തു കൊണ്ട് ഒരു ദാസിയെ പോലെ നിന്ന് കൊടുത്തു. അത് തന്നെയല്ലേ അമ്മയെ യേശുവിന്‍റെ രക്ഷാകര ദൌത്യത്തില്‍ ഭാഗഭാക്കാക്കിയതും യേശുവിന്‍റെ അമ്മ ആയതും. അതിലൂടെ യേശു നമ്മുടെയും അമ്മ ആയി.
   ആവശ്യങ്ങളില്‍ സഹായകയായ എന്‍റെ അമ്മ 

ഓരോരുത്തര്‍ക്ക് തന്നെ കൊണ്ടുള്ള ആവശ്യം മനസിലാക്കി അവരെ സഹായിക്കുകയും അവര്‍ക്ക് ശുശ്രൂഷ ചെയ്യുകയും ചെയ്യുന്നവള്‍ ആണ് എന്‍റെ അമ്മ. ഗര്‍ഭിണിയായ എലിഷ പുണ്യവതിയെ സന്ദര്‍ശിക്കുകയും അവര്‍ക്ക് ശുശ്രൂഷ ചെയ്തു കൊടുക്കുകയും ചെയ്ത നമ്മുടെ അമ്മയെ കാണാം.

  മക്കളുടെ കാര്യത്തില്‍ അകുലതയുള്ള എന്‍റെ അമ്മ  

ദേവാലയത്തില്‍ നിന്നുള്ള മടക്ക യാത്രയില്‍ യേശുവിനെ കാണാതാവുകയും യേശുവിനെ തേടി നടക്കുകയും ചെയുന്ന അമ്മയെ നമുക്ക് കാണാന്‍ സാധിക്കും. ഇതേ ആധിയും വേദനയും എന്‍റെയും നിന്‍റെയും കാര്യത്തില്‍ ഇ അമ്മക്ക് ഉണ്ട്. പിതാവില്‍ നിന്നും അകന്നു പോകുമ്പോള്‍ യേശുവിനെ അന്വേഷിച്ച അതെ വേദനയോടെ എന്നെയും നിന്നെയും തേടി നടക്കുന്ന ഒരു അമ്മ. മക്കളെ കുറിച്ച് ആകുലതപെടുന്ന  ഒരു യഥാര്‍ത്ഥ അമ്മ.
   മദ്ധ്യസ്ഥയായ എന്‍റെ അമ്മ  

മക്കളുടെ കാര്യങ്ങള്‍ ചോദിച്ചു മേടിച്ചു കൊടുക്കാന്‍ എന്‍റെ അമ്മ കഴിഞ്ഞേ ആരും ഉള്ളു. അമ്മ പറഞ്ഞാല്‍ ചെയ്യാതിരിക്കാന്‍ പിതാവിനും ആകില്ല. കാരണം പിതാവ് അമ്മയെ അത്ര മാത്രം സ്നേഹിക്കുന്നു. ആ സ്നേഹം അളക്കാന്‍ നമുക്ക് ആവില്ല. കാനായില്‍ കല്യാണ വിരുന്നിനു വീഞ്ഞ് തീര്‍ന്നത് മനസിലാക്കി ആ കാര്യം യേശുവിനോട് ചെന്ന് പറയുന്നു. താന്‍ പറഞ്ഞാല്‍ ചെയ്യും എന്ന പ്രതീക്ഷയോടെ. അവിടെ യേശുവിനു ആദ്യത്തെ അത്ഭുതം പ്രവര്‍ത്തിക്കേണ്ടി വരുന്നു. അതാണ് എന്‍റെ അമ്മ. 
 
   ദൈവത്തെ മഹത്വപ്പെടുത്തുന്ന എന്‍റെ അമ്മ  

എന്‍റെ അമ്മ ദൈവത്തെ സ്തുതിക്കുന്നതില്‍ ഒരു കുറവും വരുത്താറില്ല

    “എന്‍റെ ആത്മാവ് കര്‍ത്താവിനെ മഹത്വപെടുതുന്നു

    എന്‍റെ ചിത്തം രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു

    അവിടുന്ന് തന്‍റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു

    ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി

    എന്ന് പ്രകീര്തിക്കും. ശക്തനായവന്‍ എനിക്ക്

 വലിയകാര്യങ്ങള്‍ ചെയ്തിരിക്കുന്നു. അവിടുത്തെ നാമംപരിശുദ്ധമാണ്”.

 സഹനത്തിന്‍റെ മൂര്‍ത്തിയായ എന്‍റെ അമ്മ 

എന്‍റെ അമ്മ സഹിച്ചത് പോലെ ലോകത്ത് ഒരു അമ്മയും സഹിച്ചിട്ടുണ്ടാവില്ല. തന്‍റെ മകനെ മരണത്തിനു വിട്ടുകൊടുത്തു കൊണ്ട് വേദനയോടെ കുരിശിന്റെ വഴി അനുഗമിച്ച ഒരു അമ്മ. ഹൃദയം നുറുങ്ങുന്ന വേദനയിലും എല്ലാം സഹിച്ചു കുരിശിന്റെ ചുവട്ടില്‍ നമുക്ക് വേണ്ടി നമ്മുടെ രക്ഷക്ക് വേണ്ടി യേശുവിനോടൊപ്പം ചേര്‍ന്ന് നിന്ന ഒരു അമ്മ. അവസാനം മകനെ കുരിശില്‍ നിന്നും ഇറക്കി ആ അമ്മയുടെ മടിയില്‍ കിടത്തിയപ്പോള്‍ തന്‍റെ മാറില്‍ യേശുവിനെ ചേര്‍ത്ത് പിടിച്ചപ്പോള്‍ ആ അമ്മ സഹിച്ച വേദന അത് എനിക്കും നിനക്കും വേണ്ടി ആയിരുന്നില്ലേ.
നേതൃത്വ ഗുണമുള്ള എന്‍റെ അമ്മ  

എന്‍റെ അമ്മ എല്ലാവരെയും നയിക്കാന്‍ യോഗ്യത ഉള്ളവള്‍ ആയിരുന്നു. ഒരു കൂട്ടാഴ്മ എങ്ങനെ രൂപീകരിക്കണം എന്നും അത് എങ്ങനെ കൊണ്ട് പോകണം എന്നും എന്‍റെ അമ്മക്ക് അറിയാമായിരുന്നു. ഭയചകിതരായി കഴിഞ്ഞ യേശുവിന്‍റെ ശിഷ്യന്മാരെ പെന്തകൊസ്ഥ നാളില്‍ ഒരുമിച്ചു കൂട്ടുകയും അവരെ പ്രാര്‍ത്ഥിപ്പികുകയും ചെയ്ത അമ്മയെ നമുക്ക് കാണാം.

എണ്ണിയാല്‍ തീരാത്ത എത്രയോ ഗുണങ്ങള്‍ എന്‍റെ അമ്മക്ക് ഉണ്ട്. ആ അമ്മയെ നമുക്ക് സ്നേഹിക്കാം. ആ അമ്മയുടെ മദ്ധ്യസ്ഥം യാചിക്കാം.